ഹിരോഷിമ ദുരന്തത്തിന് ഇന്ന് 69 വയസ്സ്. 1945 ല്‍ ഇതേ ദിവസമാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ആദ്യത്തെ അണുബോംബ് ആക്രമണം നടത്തിയത്. പിന്നീട് ആഗസ്ത് 9 ന് നാഗസാക്കിയിലും അമേരിക്കന്‍ സൈന്യം ക്രൂരത ആവര്‍ത്തിച്ചു.
ലിറ്റില്‍ ബോയ്... വിനാശത്തിന്‍റെ ഈ പര്യായ പദം അമേരിക്ക എഴുതിച്ചേര്‍ത്തിട്ട് ഇന്ന് 69 വര്‍ഷം തികയുന്നു. ജപ്പാനിലെ ഹിരോഷിമയില്‍ ഒന്നര ലക്ഷത്തിലധികം വരുന്ന നിരപരാധികള്‍ക്കുമേല്‍ വന്നു പതിച്ച അണുബോംബിന്‍റെ ദുരിതം അവിടുത്തെ തലമുറകളെ മുഴുവന്‍ വിഴുങ്ങി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിലാണ് അമേരിക്ക അണുബോംബ് പദ്ധതി തയ്യാറാക്കുന്നത്. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് പകരം വീട്ടാനായി മെനഞ്ഞ പദ്ധതി പക്ഷേ അമേരിക്കയെ ലോകത്തിന്റെ മുന്നില്‍ ദുരന്തത്തിന്റെ വക്താക്കളാക്കി. എനോള ഗയ് എന്ന യുദ്ധവിമാനത്തില്‍ നിന്ന് ആഗസ്ത് ആറിന് പ്രാദേശിക സമയം 8.15ഓടെയാണ് ഹിരോഷിമയെ ചാരക്കൂമ്പാരമാക്കിക്കൊണ്ട് ലിറ്റില്‍ ബോയ് വന്ന് പതിച്ചത്. അണുവികിരണമേറ്റ് മരിച്ചത് ഒന്നരലക്ഷം പേര്‍. അതിജീവിച്ചവരിലൂടെ ജനിതകവൈകല്യങ്ങള്‍ തലമുറകളിലേക്കും പകര്‍ന്നു. ഇന്നും മഹാദുരന്തത്തിന്‍റെ അവശേഷിപ്പുകളുണ്ട്.
തകര്‍ന്ന ഹിരോഷിമ പിന്നീട് അണ്വായുധ വിരുദ്ധ സന്ദേശങ്ങളുടെ മുഖചിത്രമായി. ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബിട്ടതോടെ ജപ്പാന്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച തിയോഡര്‍ വാന്‍ വ്രിക് അടക്കം ഹിരോഷിമയില്‍ കയ്യബദ്ധം പറ്റിയെന്ന് വിലപിച്ചവരുണ്ട്. പക്ഷെ വൈകിപ്പോയെന്ന് മാത്രം..
No comments:
Post a Comment